കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

news image
Jul 8, 2024, 2:10 pm GMT+0000 payyolionline.in

കൊച്ചി∙ കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ.ബേബിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശേരി പൊലീസാണ് ഇടതു നേതാവു കൂടിയായ ബേബിക്കെതിരെ കേസെടുത്തത്. വിദ്യാർഥി നേരത്തെ കുസാറ്റ് വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു. ഇതിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. തുടർന്ന് വിസിക്ക് വിദ്യാർഥിനി പരാതി നൽകി. പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. അനധ്യാപക തസ്തികയിൽ വരുന്ന ജോലി ചെയ്തിരുന്ന ബേബിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി അസി. പ്രഫസറിന് തുല്യമായ അധ്യാപക തസ്തികയിലേക്ക് മാറ്റി എന്നതായിരുന്നു ഇത്. ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇതേ സമയത്തു തന്നെ ബേബിക്ക് അസോ. പ്രഫസറായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ വീഴ്ച വരുത്തിയതിന് സിന്‍ഡിക്കേറ്റ് ഉപസമിതിയിൽ നിന്ന് ബേബിയെ മാറ്റുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe