തിരുവനന്തപുരം: കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത ഗോകുലിന്റെ കുടുംബത്തിന് 25,000 രൂപ അനുവദിച്ചു. പട്ടികവർഗ ഡയറക്ടർ ഇത് സംബന്ധിച്ച നൽകിയ റിപ്പോർട്ട് പ്രകാരമാണ് തുക അനുവദിച്ചത്. മന്ത്രി ഒ.ആർ കേളുവന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 25,000 രൂപ ധനസഹായമായി അനുവദിച്ചുകൊണ്ട് ഉത്തരവായത്.
വയനാട് ജില്ലയിലെ മാനന്തവാടി ട്രൈബൽ ഡവലപ്മെൻറ് ഓഫീസിന്റെ പരിധിയിലുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയപാടി നഗറിലെ പട്ടികവർഗ പണിയ വിഭാഗത്തിൽപ്പെട്ട പരേതനായ ചന്ദ്രന്റേയും ഓമനയുടേയും മകനാണ് ഗോകുൽ. ഏപ്രിൽ നാലിനാണ് കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്.
മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായ പരാതിയിലാണ് ഗോകുലിനെ പൊലീസ് പിടികൂടിയത്. പൊലീസ് അന്വഷണത്തിൽ പെൺകുട്ടിയെ കോഴിക്കോട് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഗോകുലുമുണ്ടായിരുന്നു. ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു.
ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സമഗ്രന്വേഷണം വേണമെന്നും നിലവിൽ തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും ഗോകുലിന്റെ മാതാവ് പ്രതികരിച്ചിരുന്നു.