നാദാപുരം: സുഹൃത്തിന്റെ വിവാഹ ചടങ്ങുകൾ ആഘോഷമാക്കുന്നതിനായി മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്താൻ ശ്രമിച്ച യുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എ. ജ്യോതിഷ് ബാബു (30), ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തുവെച്ച് സംസ്ഥാന പാതയിൽ പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഇവർ മദ്യവുമായി കുടുങ്ങിയത്.
ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ നിന്നാണ് 22 ലിറ്റർ മദ്യം പോലീസ് കണ്ടെത്തിയത്. ഇതിൽ 750 മില്ലിലിറ്ററിന്റെ 12 കുപ്പികളും അര ലിറ്ററിന്റെ 26 കുപ്പികളുമാണ് ഉണ്ടായിരുന്നത്. വിവാഹ ആവശ്യത്തിനായി കൊണ്ടുപോകുകയായിരുന്നു മദ്യം എന്നാണ് പ്രതികൾ നൽകിയ മൊഴി. തുടർന്ന് മദ്യവും ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
