ശബരിമ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊല്ലം തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ രണ്ട് ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഒഴുക്കുള്ള ഭാഗമായിരുന്നിട്ടും പാറക്കെട്ടുകളിൽ മുറുകെ പിടിച്ചുനിന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചെന്നൈയിൽ നിന്നുള്ള സംഘം ഒറ്റക്കൽ റെയിൽവേ പാലത്തിന് സമീപം കല്ലടയാറ്റിൽ കൈകാലുകൾ കഴുകാനായി ഇറങ്ങിയത്. ഈ സമയത്ത് ആറ്റിൽ ഒഴുക്ക് വളരെ കൂടുതലായിരുന്നു. പുഴയുടെ സ്വഭാവം അറിയാതെ വെള്ളത്തിലിറങ്ങിയ ഇരുവരും പെട്ടെന്ന് തന്നെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട ഭക്തർ കുറച്ചുദൂരം മുന്നോട്ട് നീങ്ങിയെങ്കിലും പുഴയുടെ നടുവിലുണ്ടായിരുന്ന വലിയ പാറക്കെട്ടുകളിൽ മുറുകെ പിടിക്കാൻ സാധിച്ചത് ജീവൻ രക്ഷിക്കാൻ സഹായിച്ചു. ഒഴുക്കിനെ പ്രതിരോധിച്ച് പാറയിൽ പിടിച്ചുനിന്ന ഇവരെ മറ്റു ഭക്തരുടെ സഹായത്തോടെ ആണ് സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
