കല്ലാച്ചി ടൗൺ വികസനം; ഇന്നു നിർണായക യോഗം

news image
Mar 12, 2023, 7:26 am GMT+0000 payyolionline.in

കല്ലാച്ചി: സംസ്ഥാന സർക്കാർ ബജറ്റിൽ 4 കോടി രൂപ അനുവദിച്ച ടൗൺ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിർണായക യോഗം ഇന്നു  പഞ്ചായത്ത് ഓഫിസ് ഹാളിൽ ചേരും.

പല തവണ യോഗം ചേർന്നതല്ലാതെ റോഡ്, അഴുക്കു ചാൽ നിർമാണത്തിന് വകയിരുത്തിയ 3 കോടി രൂപയുടെയും ബൈപാസ് റോഡായി പരിഗണിക്കുന്ന പഴയ ട്രഷറി റോഡ് വീതി കൂട്ടുന്നതിന് അനുവദിച്ച ഒരു കോടി രൂപയുടെയും പണി തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

കണ്ണൂർ വിമാനത്താവളത്തിലേക്കും കർണാടകയിലേക്കുമുള്ള വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്ന കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കും മഴക്കാലത്തെ വെള്ളക്കെട്ടും നേരിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജനപ്രതിനിധികളുടെ അഭ്യർഥനയെ തുടർന്ന് ടൗൺ വികസനത്തിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രത്യേക  വിഹിതം അനുവദിച്ചത്.

നിലവിലുള്ള അഴുക്കുചാലുകളുടെ പുനർ നിർമാണം, പാർക്കിങ് സൗകര്യത്തോടെയുള്ള റോഡ് വികസനം എന്നിവയാണ് ലക്ഷ്യമിട്ടത്. ടൗൺ വികസനത്തിനു സ്ഥലം വിട്ടു നൽകാൻ വ്യാപാരികൾ സന്നദ്ധരല്ലാത്തതാണ് തടസ്സം. പഴയ ട്രഷറി റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലം വിട്ടു നൽകാൻ സ്ഥലം ഉടമകൾ ഏറെയും സമ്മതിച്ചതാണ്.

ചേലക്കാട് –വില്ല്യാപ്പള്ളി –വടകര റോഡ് വികസനവുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്തിൽ സ്ഥലം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും. ഇ.കെ.വിജയൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe