കോഴിക്കോട് : കല്ലായിപ്പുഴ ചെളിനീക്കി ആഴംകൂട്ടുന്നതിനുള്ള പണി വീണ്ടുംതുടങ്ങി. കാലവർഷം തുടങ്ങിയപ്പോൾ ചെളിനീക്കം നിർത്തിയതായിരുന്നു. രണ്ടുദിവസമായി ഇപ്പോൾ പണി തുടങ്ങിയിട്ട്. കോതി അഴിമുഖത്തിന് സമീപത്തുനിന്നാണ് ഫെബ്രുവരിയിൽ പണി തുടങ്ങിയത്. ഡ്രെഡ്ജറും എസ്കവേറ്ററുമുപയോഗിച്ചാണ് ചെളി നീക്കുന്നത്. കാലവർഷത്തിന് മുന്നേ 60,000 ക്യുബിക് മീറ്ററിലേറെ ചെളി നീക്കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മേയ് 20-നു മുന്നേ പണി നിർത്തിയിരുന്നു.
നിലവിൽ കോതി ഭാഗത്തുതന്നെയാണ് പണി തുടങ്ങിയത്. ആകെ 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടത്. 2024 ഒക്ടോബർ 22-ന് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും സർവേയ്ക്ക് ശേഷം ഫെബ്രുവരി 27-നാണ് പണിതുടങ്ങിയത്.
കോതി മുതൽ മാങ്കാവ് കടുപ്പിനി വരെ 4.2 കിലോമീറ്റർ 2.7 മീറ്റർ ആഴത്തിലാണ് ചെളി നീക്കേണ്ടത്. ഇത് കടലിൽ അഞ്ച് കിലോമീറ്റർ വരെയാണ് നിക്ഷേപിക്കുന്നത്. കോർപ്പറേഷന്റെ 12.98 കോടി ഉപയോഗിച്ച് ഇറിഗേഷനാണ് പണിചെയ്യുന്നത്. വെസ്റ്റ് കോസ്റ്റ് ഡ്രജ്ജിങ് കമ്പനിയാണ് ചെളി നീക്കുന്നത്. ആറേഴുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമം. പണിപൂർത്തിയായാൽ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
