കളമശ്ശേരി: ഫർണിച്ചർ നിർമാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അലമാരകളും ഉപകരണങ്ങളും കത്തിനശിച്ചു. ഇവിടെനിന്ന് തീ പടർന്ന് സമീപത്തെ കോഴിക്കടക്കും നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച രാവിലെ 10.25 ന് ഇടപ്പള്ളി ഉണിച്ചിറയിലുള്ള ഫർണിച്ചർ ആൻഡ് ടൂൾസ് സർവിസ് എന്ന വർക് ഷോപ്പിനാണ് തീ പിടിച്ചത്.
തൃക്കാക്കര, ഏലൂർ നിലയങ്ങളിൽനിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സംഭവത്തിൽ വർക് ഷോപ്പിലെ അലമാര, വെൽഡിങ് മെഷീനുകൾ, എയർ കംപ്രസ്സർ, ഡ്രില്ലിങ് മെഷീൻ, ഗ്രൈൻഡർ എന്നിവ കത്തിനശിച്ചു. നാല് ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വർക് ഷോപ്പിനോട് ചേർന്നുണ്ടായിരുന്ന മീറ്റ് എഗെയ്ൻ എന്ന ചിക്കൻ ഷോപ്പിലേക്കാണ് തീ പടർന്നത്. ഇവിടെ ഉണ്ടായിരുന്ന ഫ്രീസർ കത്തി നശിച്ചു. 10 കോഴികളും ചത്തു.