കളമശ്ശേരി സ്ഫോടനം; കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി

news image
Dec 21, 2023, 12:08 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം കളമശ്ശേരി സ്ഫോടന സംഭവത്തിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ ഹാളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കാമെന്നും കോടതി നിർദേശത്തിൽ പറയുന്നു. ഇത് രണ്ടുദിവസത്തിനുള്ളിൽ ശേഖരിക്കണം. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കൺവെൻഷൻ സെന്റർ ഉടമക്ക് കൈമാറാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. സ്ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കൺവെൻഷൻ സെന്റർ ഉളളത്.

അതേ സമയം, കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി.

നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് 2 മാസമാകുന്നു. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്ന സ്ഫോടനമുണ്ടായത്. 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. യഹോവ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് സ്ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe