ബെംഗളൂരു∙ ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി പ്രത്യേക കോടതി തള്ളി. ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020 ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020 ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു.
ലഹരിയിടപാടു കേസിൽ പ്രതിയല്ലെന്നു വാദിച്ചെങ്കിലും ബിനിഷിന്റെ ബെനാമിയാണ് അനൂപെന്നാണ് ഇഡി ആരോപിക്കുന്നത്. ഒരു രേഖയുമില്ലാതെ അനുപിന് ബിനീഷ് 40 ലക്ഷം രൂപ നൽകി. ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി വാദിച്ചു.