ന്യൂഡൽഹി: 2023-24 കാലയളവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) നടത്തിയ ഉഭയകക്ഷി അവലോകനത്തിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 2024 ജൂൺ 26നും ജൂൺ 28നും ഇടയിൽ സിംഗപ്പൂരിൽ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് സമ്പൂർണ്ണ യോഗം അംഗീകരിച്ച ഉഭയകക്ഷി അവലോകന റിപ്പോർട്ടിൽ, ഇന്ത്യയെ ‘റെഗുലർ ഫോളോ-അപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മറ്റ് നാല് ജി 20 രാജ്യങ്ങൾ മാത്രം ഉൾപ്പെടുന്ന വിഭാഗമാണിത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണിത്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഉഭയകക്ഷി അവലോകനത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം, സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിരത,സമഗ്രത എന്നിവ കൂടുതൽ പ്രകടമാക്കുകയും വളരുന്ന നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. മികച്ച റേറ്റിംഗുകൾ ആഗോള സാമ്പത്തിക വിപണികളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇന്ത്യയുടെ അതിവേഗ പേയ്മെന്റ് സംവിധാനമായ UPIയുടെ ആഗോള വിപുലീകരണത്തിനും ഇത് വഴിയൊരുക്കും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് ഗണ്യമായ സംഭാവന നൽകാനുള്ള അവസരം നൽകും.