കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ-വി.ഡി. സതീശൻ

news image
Nov 18, 2024, 8:26 am GMT+0000 payyolionline.in

പാലക്കാട്: കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

കൊട്ടിക്കലാശം ആയപ്പോഴേക്കും യു.ഡി.എഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നൽകി.കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറ‍ഞ്ഞു.

സന്ദീപ് വാര്യർ വന്നപ്പോൾ ബി.ജെ.പി ക്യാമ്പിനേക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്‍റെ ആലയിൽ പാർട്ടിയെ കെട്ടി.മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയുമെന്നും സതീശൻ പറഞ്ഞു.

പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദു അഭിമുഖത്തിന്‍റെ തുടർച്ചയാണ്. ഉജ്വലമായ മതേതരത്വത്തിന്‍റെ മാതൃക പുലർത്തുന്നയാളാണ് പാണക്കാട് തങ്ങള്‍. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ്. ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭരണത്തിന്‍റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ ആകുമെന്ന് പറയാൻ ഞങ്ങൾക്ക് ആത്മവിശ്വാസക്കുറവില്ല.

സംഘപരിവാറിന്‍റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാൻ പരസ്പരം സഹായിക്കുകയാണ്. രാഹുലിന്‍റെ ദൂരിപക്ഷം 15,000 കടന്നാൽ അദ്ഭുതം വേണ്ട. സരിൻ സ്ഥാനാർത്ഥി ആയതോടെ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോയി. പാലക്കാട് ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം. സന്ദീപ് കോൺഗ്രസിൽ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥതയെന്നും വി.ഡി. സതീശൻ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe