കള്ളമൊഴി നൽകാൻ ഭീഷണി; നീല കാറിൽ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാൻ നിർബന്ധിച്ചുവെന്ന് അബി​ഗേലിന്റെ മൊഴി

news image
Nov 29, 2023, 3:53 am GMT+0000 payyolionline.in

കൊല്ലം: തട്ടിക്കൊണ്ടുപോകൽ സംഘം കളളമൊഴി നൽകാനും അബി​ഗേൽ സാറയെ ഭീഷണിപ്പെടുത്തിയതായി വിവരം. നീല കാറിൽ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാൻ ഒരു സ്ത്രീ നിർബന്ധിച്ചുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാൻ ഉപദേശിച്ചുവെന്നും അബി​ഗേൽ സാറ പൊലീസിനോട് പറഞ്ഞു. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ആശുപത്രിയിൽ തുടർന്ന് നാളെയേ കുട്ടി വീട്ടിലേക്ക് മടങ്ങൂ.

അതേസമയം, കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എഡിജിപി എംആർ അജിത്കുമാർ പറഞ്ഞു. പൊലീസ് സേനയും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ഒളിച്ചു താമസിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്കാന്തിയും കാരണമാണ് കുഞ്ഞിനെ കിട്ടിയതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയവർക്ക് വേറെ വഴിയില്ലായിരുന്നു. പ്രതികൾ പ്രദേശം നന്നായി അറിയുന്നവരാകാം. അത് കൊണ്ടാണ് ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. 24 മണിക്കൂറിന്റെ പരിശ്രമമാണ് നടന്നത്. ഉടനീളം സർക്കാർ പിന്തുണച്ചു. കുട്ടിയെ ഉപേക്ഷിക്കാൻ തട്ടികൊണ്ടുപോകൽ സംഘത്തിന് മേൽ സമ്മർദ്ദം ഉണ്ടായി.
സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുട്ടി പൂർണമായും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല.  പ്രാഥമികമായി കുട്ടി പറഞ്ഞത് വാഹനത്തിനുള്ളിൽ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടിൽ എത്തിച്ചു എന്നാണ്. ഭക്ഷണം നൽകി, കാർട്ടൂൺ കാണിച്ചു. രാവിലെ ഒരു വാഹനത്തിൽ ചിന്നക്കടയിൽ എത്തിച്ചുവെന്നും കുട്ടി പറഞ്ഞതായി എഡിജിപി പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe