കള്ള് ഷാപ്പുകൾ പ്രാകൃതരീതിയിൽനിന്ന് മാറണം; നളികേര ഉൽപ്പന്നങ്ങൾക്ക് നല്ല വിപണിയുണ്ടാക്കണം: ഇ പി ജയരാജൻ

news image
Jul 27, 2023, 7:35 am GMT+0000 payyolionline.in

കോഴിക്കോട് > നിലവിലുള്ള കള്ള് ഷാപ്പുകൾ പ്രാകൃത രീതിയിൽനിന്ന് മാറണമെന്നും നാളികേര ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തി കർഷകർക്ക് സഹായമൊരുക്കണന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.  എന്തോ രഹസ്യ സങ്കേതത്തിൽ പോകുന്ന പോലെയാണ് ആളുകൾ കള്ളുഷാപ്പുകളിൽ പോകുന്നത് .  ഷെഡ്ഡ് വളച്ചു കെട്ടിയിടത്ത്  ഒളിച്ചുപോയിയാണ്  കഴിക്കുന്നത്. ആ സാഹചര്യം മാറണം. നല്ല പാനീയവും നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം. അത് കള്ളുചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഇ പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വെെകുംത്തോറുമാണ് ലഹരിയുണ്ടാകുന്നത്.  നല്ലൊരു പാനീയമാണ് നീര.  പുതിയ സമീപനം നാളികേര കർഷകർക്ക്  വലിയ തൊഴിലസാധ്യതനൽകും. പശ്ചിമ  ബംഗാളിൽ രാവിലെ ശുദ്ധമായ  പനംകള്ള് ബെഡ് ടീം പോലെ കുടിക്കുന്ന ശീലമുണ്ട്. പനയുടെ കൃഷിക്കാർക്ക് നല്ല തൊഴിലാണ് അത്.

നമ്മൾ നാളികേരത്തിന്റെ നാട്ടിൽ അതിന്റെ പരമാവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കണം. ചകിരി, ചിരട്ട എല്ലാം ഉപയോഗിക്കാനാകണം. കൃത്രിമ കള്ള് ഒഴിവാക്കി ശുദ്ധമായ കള്ള് ഉൽപാദിപ്പിച്ച് കള്ള്ചെത്ത് വ്യവസായത്തെ മാറ്റാനാകണം. കേരളത്തിന്റെ  ബ്രാന്ഡ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതാകും അത്. വ്യത്യസ്തമായ അഭിപ്രായം ഉണ്ടായാൽ പരിശോധിക്കാം.

നിയമം കൊണ്ടൊന്നും മദ്യപാനം ഒഴിവാക്കാനാകില്ല.  ബോധവത്കരണത്തിലൂടെയെ പറ്റു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടൂറിസം പ്രമോഷനുവേണ്ടി വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടിവരുമെന്നും ഇ പി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe