കഴക്കൂട്ടം: ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മധുര സ്വദേശിയായ ബെഞ്ചമിനെ കസ്റ്റഡിയിൽ വാങ്ങി. ഒരാഴ്ചത്തേക്കാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കസ്റ്റഡി അനുവദിച്ചത്.
വരുംദിവസങ്ങളിൽ സംഭവസ്ഥലം, ട്രക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലം, മോഷണം നടത്തിയ വീടുകൾ, ഇയാൾ രക്ഷപ്പെട്ട് എത്തിയ മധുരയിലും മറ്റും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് ഹോസ്റ്റൽ മുറിയിൽ ഉറക്കത്തിലായിരുന്ന യുവതിയെ വാതിൽ തുറന്ന് അകത്തുകയറിയ ബഞ്ചമിൻ കഴുത്തിന് കുത്തിപ്പിടിച്ച് പീഡിപ്പിച്ചത്. നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് അടുത്ത പുരയിടത്തിലൂടെ ദേശീയപാത സർവിസ് റോഡു വഴിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.
വൈദ്യപരിശോധനക്കു ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തിയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. തുടർന്ന് സ്ഥലത്ത് ഫൊറൻസിക് വിരലടയാള വിദഗ്ധർ പരിശോധന നടത്തി. അക്രമിയുടെ വിരലടയാളങ്ങളും മറ്റ് സ്രവ സാമ്പിളുകളും ശേഖരിച്ചു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അന്വേഷണത്തിൽ ഞായറാഴ്ച മധുരയിൽ നിന്നാണ് പ്രതി ബെഞ്ചമിനെ പിടികൂടിയത്.
