കഴക്കൂട്ടം: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം കണക്കാക്കുന്നു. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ (70) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവർ തനിച്ചായിരുന്നു താമസം. തിരുമലയിൽ താമസിക്കുന്ന മകൻ രണ്ടാഴ്ച മുമ്പ് വിദേശത്ത് നിന്ന് എത്തിയിരുന്നു. ഡോക്ടറായ മകളും ഡോക്ടറായ മരുമകനും തൃശൂരാണ് ജോലി ചെയ്യുന്നത്. തനിച്ചു താമസിക്കുന്ന ഇവർ എപ്പോഴും ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കും. സമീപവാസികളുമായി അത്ര അടുപ്പത്തിലല്ലായിരുന്നു.
കഴിഞ്ഞ് 30ന് മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഒരുവിവരവുമില്ലാത്തതിനാൽ മകൾ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടത്. പുറത്തുള്ള ലൈറ്റുകൾ കത്തി കിടക്കുകയായിരുന്നു. മംഗലപുരം പൊലീസ് എത്തി വീട് കുത്തി തുറന്ന് നോക്കുമ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.