‘കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണം’; പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്

news image
Mar 6, 2024, 5:42 am GMT+0000 payyolionline.in

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്.ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇന്നത്തെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ലേഖനം ചര്‍ച്ചയായതിന് പിന്നാലെ ഇതേ നിലപാട് ബിഷപ്പ് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.

സംസ്കാരിക കേരളത്തിന് ലജ്ജ തോന്നുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. സര്‍ക്കാരിന്‍റേത് പാഴ്വാക്കുകളാണ്. നടപടിയില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടാകും. ഏല്‍പ്പിച്ച ജോലി ചെയ്യാൻ പറ്റിയില്ലെങ്കില്‍ സ്വയം രാജിവെച്ച് പോകണം. സംരക്ഷണം തരാൻ പറ്റുന്ന ആളുകളെ ഏല്‍പ്പിച്ച് പോകണമെന്നും ബിഷപ്പ് തുറന്നടിച്ചു.

 

അതേസമയം, വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു. വയനാട് എംപി കൂടുതൽ ഇടപെടണം. കേന്ദ്ര സര്‍ക്കാരാണ് പരിഹാരം കാണേണ്ടത്. കേന്ദ്ര വന നിയമം തിരുത്താൻ സർക്കാർ തയാറാകുന്നില്ലെന്നും എളമരം കരീം ആരോപിച്ചു. കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ വൈകിയത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു.

 

എബ്രഹാമിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് നടപടി എടുക്കാമെന്ന് കേന്ദ്രം അറിയിച്ചതാണ്. ആവശ്യഘട്ടത്തിൽ വേണ്ട നടപടികള്‍ എടുക്കാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഇതിന് എന്ത് തടസമാണ് കേരളത്തിന് മുന്നിലുള്ളത്? കേന്ദ്ര നിമയം തടസമാണെന്ന് വനം മന്ത്രി പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും എംടി രമേശ് ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe