തിരുവനന്തപുരം: 14 വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിൻമയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലോക് നാഥാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ട്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. ആത്മഹത്യയാണെന്നും സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് വീട്ടിൽ സഹായിയായി നിൽക്കാറുള്ള നഴ്സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യ സഹായം നൽകി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കുട്ടിയുടെ മുറി പൊലീസ് സീൽ ചെയ്തു.
അലോക് നാഥിന്റെ പിതാവ് ഗൾഫിലാണ്. അമ്മക്കും കുഞ്ഞുസഹോദരിക്കുമൊപ്പമായിരുന്നു താമസം. അലോകിന് ഒരുതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.