കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

news image
Apr 26, 2025, 4:32 am GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത്.ഇന്നലെ ത്രാൽ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദിൽ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe