കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല:മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി

news image
Nov 30, 2022, 6:04 am GMT+0000 payyolionline.in

കൊച്ചി: തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ  കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ,  അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്.  അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.  തെളിവു നശിപ്പിച്ചെന്ന  കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും  വാദം. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.

 

ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹർജി തള്ളിയിരുന്നു.

ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരെയാണ് പൊലീസ് കേസില്‍ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe