തിരുവനന്തപുരം : കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കലർത്തിയ വിഷം നൽകി. ഇതിന് മുമ്പ് ഷാരോണിൻെറ കോളജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്. മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാൽ അനുനയത്തിൽ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രത്തിൽ പറയുന്നത്.