കൊച്ചി: ഏഴ് വർഷത്തിനു ശേഷം കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതക്ക് ജീവൻവെക്കുന്നു. ജില്ലയുടെ വികസനത്തിൽ നാഴികക്കല്ലാവുന്ന പദ്ധതിയാണിത്. കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിൽ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയുടെ അലൈൻമെന്റ് തയാറാക്കൽ അന്തിമഘട്ടത്തിലാണ്.
കിഴക്കൻ മേഖലയിൽനിന്ന് ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലേക്കും ഏറെ എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് നിർദിഷ്ട പാതയുടെ രൂപരേഖ. കാക്കനാട്-മൂവാറ്റുപുഴ റോഡ് വീതി കൂട്ടി വളവുകൾ നിവർത്തിയാണ് പാത ക്രമീകരിക്കുന്നത്. നിലവിൽ റോഡിന്റെ വീതി പല ഭാഗങ്ങളിലും പല രീതിയിലാണ്. ഇതെല്ലാം 20 മീറ്ററായി ക്രമീകരിച്ചാണ് നാലുവരിപ്പാത ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സ്ഥല പരിശോധനകളും മണ്ണ് പരിശോധനയുമെല്ലാം പൂർത്തിയാക്കി. രൂപരേഖ ഉറപ്പാക്കിയ ശേഷം ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് അടക്കം നടപടികളിലേക്ക് കടക്കും.
2016ലാണ് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത ആവശ്യം സജീവമായത്. ഇതിനിടെതന്നെ തങ്കളം-കാക്കനാട് നാലുവരിപ്പാതക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും കോതമംഗലത്ത് പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതോടെ ഇത് വിസ്മൃതിയിലാകുകയായിരുന്നു.
എന്നാൽ, തങ്കളം-കാക്കനാട് പാത പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് വകുപ്പ് പിന്മാറിയതോടെയാണ് വീണ്ടും കാക്കനാട്-മൂവാറ്റുപുഴ പാതക്ക് ജീവൻവെച്ചത്. പാതക്കായി വനം വകുപ്പിന്റെ ഭൂമിയിൽ ലെവൽസ് നടപടികൾ എടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികത്വം പൊതുമരാമത്ത് മന്ത്രി ഇടപെട്ടാണ് പരിഹരിച്ചത്. പാതക്കുള്ള ഭരണാനുമതി രണ്ട് വർഷത്തേക്കുകൂടി നീട്ടുകയും ചെയ്തിരുന്നു.