കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേർ അറസ്റ്റിൽ

news image
Jul 26, 2023, 2:52 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി റാലി നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.

അതേസമയം മുദ്രാവാക്യം വിളിച്ച് നല്‍കിയ കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് യൂത്ത് ലീഗ് പുറത്താക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായാണ് പാര്‍ട്ടി കാണുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe