കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് നേതാവ് ആശുപത്രിയിൽ

news image
Feb 17, 2024, 7:11 am GMT+0000 payyolionline.in
പരിയാരം: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് സംഘാംഗങ്ങള്‍ കാട്ടിലെ കോളനിയില്‍ ഉപേക്ഷിച്ച മാവോയിസ്റ്റ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമഘട്ട സ്‌പെഷല്‍ സോണ്‍ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിന് (പ്രദീപ് – 49) ആണു പരുക്കേറ്റത്.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ്, തണ്ടര്‍ബോള്‍ട്ട് സംഘങ്ങളുടെ കാവലില്‍ ചികിത്സയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത്. ഭക്ഷണസാധനങ്ങള്‍ വീട്ടുകാരില്‍ നിന്നും പണം നല്‍കി വാങ്ങച്ചു. സുരേഷിന് ചികിത്സ ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

 

 

കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പാണ് സുരേഷിന് പരിക്കേറ്റത് എന്നറിയിച്ചു. സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി.പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും തണ്ടര്‍ബോള്‍ട്ടും പിന്നീട് കോളനിയിലെത്തി. എ. സുരേഷിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി കനത്ത പോലീസ് വലയത്തിലായി. ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം രാത്രിയോടെ പരിയാരത്തെത്തി.

 

 

തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. രോഗികളെയും കൂട്ടിരിപ്പുകാരെയും കര്‍ശനനിയന്ത്രണത്തോടെ പ്രത്യേക വഴിയിലൂടെയാണ് കടത്തിവിടുന്നത്. പൊതുജനങ്ങളെ പൂര്‍ണമായും പരിസരത്തുനിന്ന് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe