കാട്ടാന കൊലപ്പെടുത്തിയ അമറിന് നാടിന്റെ വിട​; വണ്ണപ്പുറത്ത് ഹർത്താ​ൽ

news image
Dec 30, 2024, 3:57 am GMT+0000 payyolionline.in

തൊടുപുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വണ്ണപ്പുറം മുള്ളരി​ങ്ങാട്​ അമയൽതൊട്ടിയിൽ പാലിയത്ത്​ ഇബ്രാഹീമിന്‍റെ മകൻ അമർ ഇബ്രാഹിമിന്​(22) നാടിന്റെ കണ്ണീരിൽകുതിർന്ന വിട. മൃതദേഹം ഒമ്പത് മണിയോടെ മുള്ളരിങ്ങാട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഇന്ന് പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ നടത്തുകയാണ്.

വീടിന്‌ സമീപമുള്ള തേക്കിന്‍കൂപ്പില്‍ മേയാൻ വിട്ടിരുന്ന പശുവിനെ വീട്ടിലേക്ക്‌ കൊണ്ടുവരാനാണ്‌ അപറും സുഹൃത്ത്​ മൻസൂറും വൈകീട്ട്​ മൂന്നോടെ അവിടെയെത്തിയത്‌. ഇഞ്ചക്കാട്ടിൽനിന്ന രണ്ട് ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞടുത്തു. ചിതറിയോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മൻസൂറിനുനേരെ രണ്ടാമത്തെ ആന ഓടിയെത്തി. ആനയുടെ കാലുകള്‍ക്കിടയില്‍നിന്ന് തലനാരിഴക്കാണ് മന്‍സൂര്‍ രക്ഷപ്പെട്ടത്. കുറ്റിക്കാട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. ആന പരിസരത്തുനിന്ന് മാറുന്നതുവരെ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഇയാളുടെ വലതുകാലിന് ഒടിവുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമറി​ന്‍റെ നിലവിളിയും ആനയുടെ ചിന്നംവിളിയും കേട്ട്‌ ആളുകൾ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനപാലകരും പൊലീസും സ്ഥലത്തെത്തി മൃതദേഹം തൊടുപുഴയിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. ജമീലയാണ്​ അമറിന്‍റെ മാതാവ്. സഹോദരി: ഷഹന.

പശു വളർത്തി ഉപജീവനം നടത്തുന്ന കുടുംബമാണ്​ അമറിന്‍റേത്​. നേര്യമംഗലം റേഞ്ചിൽപെട്ട തേക്ക്​ ഫോറസ്റ്റിനോട്​ ചേർന്നാണ്​ ഇവരുടെ വീട്​. ഒരുവർഷത്തോളമായി മുള്ളരിങ്ങാട്​ മേഖലയിൽ കാട്ടാനശല്യമുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. എന്നാൽ, കാട്ടാന ആക്രമണത്തിൽ ആളപായം ഈ മേഖലയിൽ ആദ്യമാണ്​. പ്രദേശത്ത്​ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്​. വനപാലകരും നാട്ടുകാരും ചേർന്ന്​ പലപ്രാവശ്യം തുരത്തിവിട്ടെങ്കിലും ആനകൾ വീണ്ടും തിരികെ എത്തുകയായിരുന്നു. കാട്ടാനശല്യം തടയാൻ കിടങ്ങ്​ കുഴിക്കുമെന്നും ഫെൻസിങ്​ സ്ഥാപിക്കുമെന്നും മറ്റും വനംവകുപ്പ്​ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.

വനംവകുപ്പിന്‍റെ അനാസ്ഥയിൽ പ്രതിഷേധിച്ച്​ ആശുപത്രി പരിസരത്ത്​ ഡീൻ കുര്യാക്കോസ്​ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ്​ പ്രവർത്തകർ പ്രതിഷേധിച്ചു. മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക്​ മുന്നിൽ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം തുടർന്നു. അതിനിടയിൽ യു.ഡി.എഫുകാരും എൽ.ഡി.എഫുകാരും തമ്മിൽ മോർച്ചറിക്ക് മുന്നിൽ വാഗ്വാദവും മുദ്രാവാക്യം വിളിയും ഉണ്ടായി. ഒരു ഘട്ടത്തിൽ കൈയാങ്കളിലേക്ക് വരെ കാര്യങ്ങൾ എത്തി. സർക്കാർ കാര്യമായി ഇടപെടുന്നില്ല എന്നതാണ്​ ഡീൻ കുര്യാക്കോസിന്റെ വാദം. ഈ കാര്യം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സ്ഥലം എം.എൽ.എ പി.ജെ. ജോസഫ് എവിടെപ്പോയി എന്ന് ചോദിച്ചുകൊണ്ട് എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും മുഖാമുഖം അടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe