കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന്റെ മരണം: കൂരാച്ചുണ്ടിൽ നാളെ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ

news image
Mar 5, 2024, 3:03 pm GMT+0000 payyolionline.in

കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ. പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ വി.ജെ. സണ്ണി അറിയിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, സ്‌കൂൾ ബസ് എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

കക്കയത്ത് കശുവണ്ടി ശേഖരിക്കാൻ പോയ പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ച​നെയാണ് (68) കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കുത്തേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെ കക്കയം ടൗണിൽ നിന്നു നാല് കിലോമീറ്റർ മാറി കക്കയം ഡാം സൈറ്റ് റോഡരികിലെ കൃഷിയടത്തിലായിരുന്നു സംഭവം.

സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe