ദില്ലി: ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളിയായ വക്കീൽ ഷീജ ഗിരീഷ് നായർ സുരക്ഷിതയാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിൻ മാർഗം യാത്ര പുറപ്പെട്ട ഷീജയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായത്. ബംഗലൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കളാണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചു എന്ന് സഹോദരി പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിൻ മാർഗം പോവുമ്പോഴാണ് ഇവരെ കാണാതായത്. ഫോണിൽ ഉച്ചവരെ കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തോട് കൂടെ ഇവരെ കാണാതാവുകയായിരുന്നു. പിന്നീട് ഫോണ് സ്വിച്ചോഫായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. കാണാതായി അഞ്ചാം ദിവസമാണ് ഷീജ സുരക്ഷിതയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. ബംഗലൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്നും ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചെന്നും ബന്ധുക്കൾ പറയുന്നു.