കാഫിർ സ്‌ക്രീൻഷോട്ട് കേസ്; വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നെന്ന് മൊഴി

news image
Jun 8, 2026, 2:19 pm GMT+0000 payyolionline.in

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അന്വേഷണസംഘത്തിന് മൊഴി നൽകി. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയിരിക്കുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസെറ്റെടുത്തത് മുതൽ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു.

റിബേഷ് രാമകൃഷ്ണലേക്ക് സ്‌ക്രീൻഷോർട്ട് എത്തിയത് ജിതിൻ ഭാസ്‌ക്കറിലൂടെ വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പ് വഴിയാണ് എന്ന സംശയമാണ് ഇപ്പോൾ റിബേഷിന്റെ മൊഴിയിലൂടെ വ്യക്തമായിരിക്കുന്നത്. എന്നാൽ ഈ സ്‌ക്രീൻഷോട്ടിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലവിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുകയാണ്.

സംഭവത്തിൽ കൂടുതൽ പേരെ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാം എന്നൊരു നിലപാടിലാണ് പൊലീസ്. മറ്റ് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമേ പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടതു ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ചോദ്യം ചെയ്യാനാണ് പൊലീസിൻറെ തീരുമാനം. മെറ്റ നൽകുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും. സ്‌ക്രീൻഷോട്ട് എവിടെ നിർമിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ വിവരം ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് നോട്ടീസ് നൽകും.

റിബേഷ് രാമകൃഷ്ണനിലെത്തിയപ്പോൾ അന്വേഷണം പൂർണമായും നിലച്ചുവെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. റിബേഷാണ് സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തതെന്ന് മുമ്പ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ എവിടെ നിന്നാണ് റിബേഷിന് ഇത് ലഭിച്ചതെന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നു എന്ന് പൊലീസ് കോടതിയിൽ മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ ഫോറൻസിക്ക് റിപ്പോർട്ടുകൾ ഉൾപ്പെടെ പൊലീസിന് ലഭിക്കാനുണ്ട്. വടകര സ്‌ക്വാഡ് അഡ്മിൻമാർക്ക് ഉൾപ്പെടെ ഈ സ്‌ക്രീൻഷോട്ട് നിർമാണത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണം. ജിതിൻ ഭാസ്‌കതറിന്റെ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മെറ്റ നൽകുന്ന വിവരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ പൂർണമായൊരു നിഗമനത്തിൽ എത്താൻ പൊലീസിന് കഴിയുമെന്നാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe