ന്യൂഡൽഹി: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ സ്പെയർ പാർട്സ് വിപണിയെയും ബാധിക്കുമെന്ന് റിപ്പോർട്ട്. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിർമിച്ച കാർ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നില്ലെങ്കിലും സ്പെയർ പാർട്സുകൾ വ്യാപകമായി കയറ്റി അയക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരത്തിൽ കൂടുതൽ തീരുവ ചുമത്തുന്നതിന്റെ തുടക്കമായാണ് ട്രംപ് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നികുതി ചുമത്തുന്നത്. മെയ് മാസത്തോടെ പ്രധാന സ്പെയർ പാർട്സുകളായ എൻജിനുകൾ, എൻജിൻ ഭാഗങ്ങൾ, ട്രാൻസ്മിഷൻ, പവർട്രെയിൻ ഭാഗങ്ങൾ, ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ മൂന്ന് മുതൽ പുതിയ തീരുവ നിലവിൽ വരും.
ഇതോടെ കാറുകളുടെ വില ഉയർത്താൻ യു.എസിലെ കമ്പനികൾ നിർബന്ധിതരാവും. അതിനിടെ, ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യൻ സ്പെയർ പാർട്സ് കയറ്റുമതിക്കാരെ വാഹന നിർമ്മാതാക്കളേക്കാൾ ബാധിക്കുമെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ സ്പെയർ പാർട്സ് കയറ്റുമതി 6.79 ബില്യൻ ഡോളറായിരുന്നു. 197 ബില്യൻ ഡോളറിന്റെ സ്പെയർ പാർട്സുകൾ മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതായി യു.എസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അതിനിടെ, ട്രംപിന്റെ താരിഫ് തീരുമാനത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അത് എല്ലാവർക്കും ബാധകമാണെന്നും ജാറ്റോ ഡൈനാമിക്സ് ഇന്ത്യ പ്രസിഡന്റും ഡയറക്ടറുമായ രവി ജി. ഭാട്ടിയ പറഞ്ഞു. ‘ഈ നടപടി തീർച്ചയായും തിരിച്ചടിക്കും, പക്ഷേ ഇതൊരു ‘സുനാമി’ അല്ല. യു.എസിൽ തങ്ങളുടെ വിപണി വിഹിതം എങ്ങനെ നിലനിർത്താമെന്ന് ഇന്ത്യൻ വിതരണക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
25 ശതമാനം താരിഫ് വർധന യുഎസിൽ വാഹന വില വർധിപ്പിക്കുമെന്നതിനാൽ ഇന്ത്യയുടെ കുറഞ്ഞ ചെലവിലുള്ള ഉൽപാദനം കൂടുതൽ ഗുണകരമാകുമെന്ന് ഭാട്ടിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, രാജ്യത്തെ മുൻനിര സ്പെയർപാർട്സ് നിർമ്മാതാക്കളിൽ ഒന്നായ മദർസൺ ഗ്രൂപ്പ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം എട്ട് മില്യൻ കാറുകളും ചെറുകിട ട്രക്കുകളുമാണ് ഇറക്കുമതി ചെയ്തത്. ഏകദേശം 244 ബില്യൻ ഡോളറിന്റെ വാഹനങ്ങൾ. മെക്സികോ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി വാഹനങ്ങൾ ഇറക്കുമതി ചെയ്തത്.