കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മഹേഷ് സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കാറിൽ വരുമ്പോഴായിരുന്നു അപകടം. കുണ്ടന്നൂർ ജംക്‌ഷനിലെ രാത്രികാല കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തി ചായ കുടിക്കുന്ന ഒട്ടേറപ്പേരുണ്ട്. ഇത്തരത്തിൽ എത്തിയവരുടെ വാഹനങ്ങൾ പാർക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാർ പാഞ്ഞുകയറിയത്.
ഇടിയേറ്റ വാഹനങ്ങളിൽ മിക്കതിനും വലിയ തോതിൽ കേടുപാടുകളുണ്ടെങ്കിലും ആളപായം സംഭവിച്ചിട്ടില്ല. വാഹനാപകടം ഉണ്ടായ ഉടൻ നാട്ടുകാർ തടിച്ചുകൂടിയതോടെ പൊലീസും സ്ഥലത്തെത്തി. എന്നാൽ കാറിനു പുറത്തിറങ്ങിയ മഹേഷ് നാട്ടുകാരെ തെറിവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഉടന്‍ തന്നെ ഇയാളെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്ത ശേഷം മരട് പൊലീസ് മഹേഷിനെ ജാമ്യത്തിൽ വിട്ടയച്ചു.