കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും- കെ. കൃഷ്ണന്‍കുട്ടി

news image
Oct 18, 2024, 3:20 pm GMT+0000 payyolionline.in

കൊച്ചി: കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയാറായി വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബി. കൊച്ചിയില്‍ സംഘടിപ്പിച്ച വിന്‍മീറ്റ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അത്തരം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും കൈക്കൊള്ളുക. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനം നാം പ്രതീക്ഷിച്ച വേഗതയില്‍ മുന്നേറിയിട്ടില്ലായെന്നത് വസ്തുതയാണ്. കേരളത്തില്‍ ആകെ കാറ്റാടി നിലയശേഷി 70 മെഗാവാട്ട് മാത്രമാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2030-ഓടുകൂടി 10000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം വൈദ്യുതി വില പിടിച്ചുനിര്‍ത്താന്‍ ചെലവ് കുറഞ്ഞ വൈദ്യുതി ബാഹ്യസ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ഉദ്ദേശം 3000 മെഗാവാട്ട് സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നും 700 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളില്‍ നിന്നും 2325 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും 3100 മെഗാവാട്ട് കല്‍ക്കരി നിലയങ്ങളില്‍ നിന്നും കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

വൈകുന്നേരങ്ങളില്‍ വൈദ്യുതി ലഭ്യമാക്കുന്ന പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്നിവയ്ക്കും വലിയ പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിക്കേണ്ടതാണ്. അത്തരം കാര്യങ്ങളും ആലോചനകള്‍ ഉണ്ടാകേണ്ടതാണ്. രാത്രികാലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് അധിക വില നല്‍കുന്ന കാര്യവും പരിഗണനയിലാണ്.

പദ്ധതികള്‍ സുതാര്യമായാണ് കെഎസ്ഇബി. തയ്യാറാക്കുന്നത്. നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. അഴിമതി ഒരുതരത്തിലും ഉണ്ടാവാത്ത തരത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് കെഎസ്ഇബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. യഥേഷ്ടം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി. സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനെര്‍ട്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെലൂരി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി ഡയറക്ടര്‍ ഡോ.കെ. ഭൂപതി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ആര്‍. ഹരികുമാര്‍, ക്വാഡ ആര്‍ഇ പാര്‍ക്ക് ആൻഡ് പ്രോജക്റ്റ് ഹെഡ് തുഷാര്‍ കുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രോജക്റ്റ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ വി.എന്‍. പ്രസാദ് വിഷയാവതരണം നടത്തി. കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍മാരായ ജി. സജീവ്, പി. സുരേന്ദ്ര, ആര്‍. ബിജു എന്നിവര്‍ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe