തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും. തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മഴ സാധ്യത കണക്കിലെടുത്ത് നിലവിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
