തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ ആഭ്യന്തര ആരോഗ്യസമിതി രൂപവത്കരിക്കാന്‍ തീരുമാനം. ഭക്ഷ്യവിഷബാധയെന്ന് സംശയിക്കത്തക്ക വിധത്തില്‍ 30ഓളം വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ആഭ്യന്തര ആരോഗ്യസമിതി രൂപവത്കരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വരുംദിവസങ്ങളിലായി തുടര്‍നടപടികളുണ്ടാകും. രോഗബാധയുണ്ടായ വിദ്യാർഥികളുടെ ആശുപത്രി ചെലവ് സര്‍വകലാശാല വഹിക്കും.
ദേഹാസ്വാസ്ഥ്യമുണ്ടായവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപടികളും തുടരും. ലേഡീസ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം എസ്.എഫ്.ഐ സമരരംഗത്തിറങ്ങിയിരുന്നു. സമരത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. നാസര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി എന്നിവരുമായി വിദ്യാര്‍ഥി സംഘടന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഹോസ്റ്റലില്‍ ആഭ്യന്തര ആരോഗ്യസമിതി രൂപവത്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായത്.