തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇപ്പോൾ നടക്കുന്ന നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ക്വസ്റ്റ്യൻബാങ്ക് അധിഷ്ഠിതമാക്കി. പരീക്ഷാ സ്ഥിരം സമിതി കൺവീനർ ഡോ. ടി. വസുമതിയും പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാറുമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്വേറിന്റെ അടിസ്ഥാനത്തിലാകും വരും സെമസ്റ്ററുകളിൽ എല്ലാ പരീക്ഷകളും നടത്തുക.
സോഫ്റ്റ്വേറിന്റെ സംവിധാനത്തിലൂടെ ആദ്യമായാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കി പരീക്ഷകൾ നടത്തുന്നത്. ഓരോ പേപ്പറിനും ചോദ്യങ്ങൾ തയ്യാറാക്കുന്നത് പരീക്ഷാ സമിതികൾ, അതത് വിഷയങ്ങളുടെ സിലബസുകളെ മുൻനിർത്തി ആയിരത്തോളം അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കുമെന്നാണ് ക്വസ്റ്റ്യൻ ബാങ്ക് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ അഡ്വ. എൽ.ജി. ലിജീഷ് അറിയിച്ചത്.
ഇതിലൂടെ ചോദ്യങ്ങൾ സിലബസിനുപുറത്തുനിന്നാണെന്നുള്ള പരാതികൾ ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല പരീക്ഷാ നടത്തിപ്പ് വേഗത്തിലാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
