‘കാസർകോട് ജില്ലയിൽ പ്രവേശിക്കരുത്’, രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് ജാമ്യം

news image
Oct 18, 2023, 11:53 am GMT+0000 payyolionline.in

കാസർകോട്: കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെ ഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ.

മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000 രൂപയാണ് ഇയാൾ ഈ മാസം മൂന്നാം തീയതി കൈക്കൂലി വാങ്ങിയത്. കേസിൽ ഡോ. വെങ്കിടഗിരി റിമാന്റിലായി. ഈ മാസം 12 ന് വെങ്കിടഗിരിയെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റും ചെയ്തു.

ജയിലിലായിരുന്ന ഡോക്ടർക്ക് ഉപാധികളോടെയാണ് തലശ്ശേരി പ്രത്യേക കോടതി ജഡ്ജി ടി മധുസൂദനൻ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ വേണ്ടി മാത്രം കാസർകോട് ജില്ലയില് പ്രവേശിക്കാം. രാജ്യം വിടാൻ പാടില്ല. തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. ഒപ്പം 50,000 രൂപ വീതമുള്ള രണ്ട് ആള് ജാമ്യവും നൽകണം.

ഡോ. വെങ്കിടഗിരിക്കെതിരെ അച്ചടക്ക നടപടിക്ക് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഒരു കുട്ടിയുടെ കുടുംബവും രംഗത്ത് വന്നിരുന്നു. വാഹനാപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ് കാസർകോട് ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ച പാറക്കട്ട സ്വദേശിയായ മുഹമ്മദ് ഷാസിബിന്റെ കുടുംബമാണ് പരാതിക്കാർ. ഓപറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചിട്ടും കൈക്കൂലി നൽകാത്തതിനാൽ ഡോക്ടർ അനസ്തേഷ്യ നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe