കാസർകോട്∙ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് പുറപ്പെടേണ്ടിയിരുന്ന 20633 കാസർകോട്- തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. വൈകിട്ട് 4.15നാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർകോട്ടേക്കുള്ള 20634 വന്ദേ ഭാരത് ഒന്നര മണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്.
ലൈൻ ബ്ലോക്ക് ചെയ്ത് ജോലികൾ; യാത്രക്കാർ മണിക്കൂറുകൾ വലഞ്ഞു
അങ്കമാലി– കറുകുറ്റി ഭാഗത്ത് ലൈൻ ബ്ലോക്ക് ചെയ്തുള്ള റെയിൽവേ ജോലികൾ കാരണം യാത്രക്കാർ രാവിലെ മണിക്കൂറുകൾ വലഞ്ഞു. അങ്കമാലി അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ നിർമാണ ജോലികളുമായി ബന്ധപ്പെട്ട് തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണു ഗതാഗതം തടഞ്ഞത്. 17നു വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയുള്ള റെയിൽവേ അറിയിപ്പ് നേരത്തേ ഉണ്ടായിരുന്നുവെങ്കിലും അതിലും കൂടുതൽ സർവീസുകളെ ബാധിച്ചു. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ വൈകി. ഈ പാതയിലൂടെ കടന്നുവന്ന പല ട്രെയിനുകളും അങ്കമാലിയിലും ആലുവയിലുമായി പിടിച്ചിട്ടു.