കാസർകോട്: മദ്യപിച്ച് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബേഡഡുക്ക മണ്ണെടുക്കത്തെ വാടക കെട്ടിടത്തിൽ പലച്ചരക്കുകട നടത്തുന്ന സി. രമിതയെ (32) കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ രാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.
രമിതയുടെ കട പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ മുമ്പ് കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃത (57) മാണ് യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ രമിതയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, എട്ടു വയസുള്ള മകനും മകന്‍റെ സഹപാഠിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാമാമൃതം പെയിന്‍റിൽ ചേർക്കുന്ന തിന്നർ യുവതിയുടെ ദേഹത്തൊഴിച്ച് ശേഷം പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചെന്ന് കരുതി ഓടികൂടിയ നാട്ടുകാരും ബസ് ജീവനക്കാരുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.