ബെംഗളൂരു: കർണാടക കാർവാറിൽ ദേശീയ പാതയിൽ പാലം തകർന്ന് ലോറി പുഴയിൽ വീണു. കാർവാറിനെയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാളി പാലമാണ് അർദ്ധരാത്രി ഒരു മണിയോടെ തകർന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയിൽ വീഴുകയായിരുന്നു. അപകടത്തിൽ പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികൾ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി മുരുകൻ (37) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 40 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ദേശീയപാത 66 ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം പണിതിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി ആയിരുന്നു. അപകടത്തെ തുടർന്നു പുതിയ പാലത്തിന്റെയും സുരക്ഷാ പരിശോധന നടത്തിവരികയാണ്.
