തൃശൂര്‍: ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചു. നിലത്ത് വീണ് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി 41കാരൻ. മാള കുഴൂരിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടതിലെ വൈരാഗ്യത്തിലായിരുന്നു 41കാരന്റെ ക്രൂരത. സംഭവത്തിൽ മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി (41) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശി പുഷ്പന്റ കാലിലൂടെയാണ് സുനിൽ കുമാർ കാർ കയറ്റിയത്. ഓഗസ്റ്റ് 17ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ച് നിലത്ത് വീണ് പരിക്കേറ്റ ദമ്പതികൾ ഇടിച്ച കാർ ഓടിച്ച ആളോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുനിൽ കുമാർ ഇതിന് തയ്യാറായില്ല. തർക്കം കണ്ട് വന്ന പ്രദേശവാസിയായ പുഷ്പൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുനിൽ കുമാറിനോട് ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ കാർ ഓടിച്ചിരുന്ന സുനിൽ കുമാർ പുഷ്പന്റെ കാലിലൂടെ കാറിന്റെ ചക്രം കയറ്റിയിറക്കി നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. മാള, അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ് 41കാരൻ. സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം എന്നിങ്ങനെയുള്ള നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുനിൽ കുമാർ.