ന്യൂയോർക്ക്∙ യുഎസിൽ കാർ മോഷണം കുത്തനെ ഉയർന്നതോടെ ആശങ്കയിലായി കാർ ഉടമകളും പൊലീസ് ഉദ്യോഗസ്ഥരും. സമൂഹ മാധ്യമമായ ടിക് ടോക്കിൽ ഉടലെടുത്ത പുതിയ ചാലഞ്ചാണ് കാർ മോഷണം വർധിക്കാൻ പ്രധാന കാരണമെന്നാണു പൊലീസ് കണ്ടെത്തൽ.
തട്ടിയെടുത്ത കാറുമായി യാത്ര ചെയ്യുന്ന വിഡിയോ ചിത്രീകരിക്കുകയാണു ചാലഞ്ച്. കിയ, ഹ്യുണ്ടായ് കാറുകളാണ് മോഷ്ടിക്കപ്പെടുന്നതിൽ ഏറെയും. പുതിയ ട്രെൻഡ് ഉടലെടുത്തതോടെ ഈ വർഷം കാർ മോഷണം 19% വർധിച്ചു. ഈ വർഷം 10,600 കാർ മോഷണങ്ങളാണ് റജിസ്റ്റർ ചെയ്തതെന്ന് പൊലീസ് കമ്മിഷണർ എഡ്വേഡ് കബൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം 9,000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിനേക്കാൾ 25% വർധനവാണ് ഈ ഈ ഓഗസ്റ്റിലുണ്ടായത്. ഇതു വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിയ, ഹ്യുണ്ടായ് കാറുകൾ എങ്ങനെയാണു മോഷ്ടിക്കേണ്ടതെന്ന ടിക് ടോക് വിഡിയോ വൈറലായതിനു പിന്നാലെയാണു മോഷണം വർധിച്ചത്. മോഷ്ടിക്കപ്പെട്ട കാറുകളിൽ 50 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. താക്കോൽ ഇല്ലാതെ എങ്ങനെ കാർ സ്റ്റാർട്ട് ചെയ്യാമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി വിഡിയോയിൽ കാണിക്കുന്നുണ്ട്. വിവിധ കേസുകളിൽ നിരവധിപ്പേർ ഇതിനകം അറസ്റ്റിലായെന്നും ഏറെയും 18 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.