കീഴരിയൂർ: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണനിലാവിന് വർണാഭമായ തുടക്കം. വാദ്യമേളങ്ങളോടെ ഓണപ്പൊട്ടനെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയോടെയാണ് പരിപാടിയുടെ തുടക്കം. കീഴരിയൂർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരൻ ബിജു കാവിൽ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ വി.പി.സവിത, മുൻ പ്രധാന അധ്യാപകൻ ശ്രീശോഭ ഗോവിന്ദൻ നായർ, രവീന്ദ്രൻ നീലാംബരി, എ.കെ.ദാസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ലക്ഷ്മിഭായ്, കെ.സി.എഫ് കോ ഓർഡിനേറ്റർ ഇ.രാമചന്ദ്രൻ, കെ.ടി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

