ഇന്ന് കുക്കറുള്ളത് കൊണ്ട് ചോറ് ഉണ്ടാക്കുന്നത് നമുക്ക് ഒരു വലിയ ടാസ്ക് അല്ല. നിമിഷനേരം കൊണ്ട് ചോറ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ വിറകടുപ്പിലോ , മറ്റ് പത്രങ്ങളിലോ ആണ് ചോറ് ഉണ്ടാകുന്നതെങ്കിൽ വേവിനനുസരിച്ച് ദീർഘനേരം പാകം ചെയ്തെടുക്കണം. വിവകടുപ്പിൽ ആണെങ്കിൽ തീ കത്തിച്ച് നമ്മൾ ഒരു വഴിക്കാകും. എന്നാൽ കുക്കറിലാകുമ്പോൾ ഈ പ്രയാസങ്ങളൊന്നുമില്ല. പെട്ടെന്ന് പണി തീർക്കാം. പക്ഷെ കുക്കറിൽ അരി വേവിക്കുമ്പോൾ വേവ് അനുസരിച്ച് ചോറ് അധികം വെന്ത് പോകാനുള്ള സാധ്യത കൂടുതലാണ്. പലർക്കും എപ്പോഴും ഇങ്ങനെ പണി കിട്ടാറുമുണ്ട്. എന്നാൽ ഇങ്ങനെ ചോറ് വെന്ത് കുഴഞ്ഞുപോകാതിരിക്കാൻ ചില പൊടിക്കൈകൾ ചെയ്യാനാകും. എങ്ങനെയെന്ന് നോക്കാം.
മട്ട അരിയാണ് ചോറിന് എടുക്കുന്നതെങ്കിൽ ആദ്യം അരി നന്നായി മൂന്നോ നാലോ പ്രാവശ്യം കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇടുക. ശേഷം കുക്കറിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിക്കുക. കൂടെ കുറച്ച് ഉപ്പ് കൂടി ചേർക്കണം. അരി വേവിച്ചെടുക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാനാണ് ഉപ്പ് ചേർക്കുന്നത്. അതിനുശേഷം മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വയ്ക്കുക. ഒരു വിസിൽ വന്ന ശേഷം രണ്ടാമത്തെ വിസിൽ കൂടി വന്നാൽ തീ അണയ്ക്കാവുന്നതാണ്.
ഓരോത്തരും ഉപയോഗിക്കുന്ന ബർണറിന് അനുസരിച്ചു സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകും. എപ്പോഴും മീഡിയം തീയിൽ തന്നെ അരി വേവിക്കാൻ വയ്ക്കാൻ ശ്രദ്ധിക്കാം. തീയണച്ചതിന് ശേഷം കുക്കറിന്റെ പ്രഷർ മുഴുവൻ പോകുന്നതു വരെ വയ്ക്കുക. അതിന് ശേഷം സാധരണ അരി വാർത്തെടുക്കുന്ന രീതിയിൽ വാർത്തെടുക്കാം. വേണമെങ്കിൽ വെന്ത ചോറ് രണ്ട്തവണ കഴുകിയെടുത്ത് സാധാ രീതിയിൽ വാർത്ത് എടുത്താലും ചോറ് കുഴഞ്ഞ് പോകാതെയിരിക്കും.
