പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ-ലിഫ്റ്റ് കൈപ്പുസ്തക പ്രകാശനവും പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കറി പൗഡര്‍ ഉല്പന്നങ്ങളുടെ ലോഞ്ചിംഗ്, ആദ്യവില്പന, ഹോംഷോപ്പ് അംഗങ്ങള്‍ക്കുള്ള ഉപകരണ വിതരണം എന്നിവ നിര്‍വഹിച്ചു.
കേരള ബാങ്ക് ഡയറക്ടര്‍ നിര്‍മല ദേവി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണവും പ്ലാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട ക്യാമ്പയിന് ഉദ്ഘാടനവും നിര്‍വഹിച്ചു. ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അജിത് കുമാര്‍ ക്യാമ്പയിന് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ് ശ്രീകാന്ത് ജില്ലയിലെ ബ്രാന്‍ഡഡ് ചിപ്സ് ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും പ്രോഗ്രാം ഓഫീസര്‍ ഡോ.റാണ രാജ് കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും നിര്‍വഹിച്ചു. എം.എല്‍.എമാരായ പ്രമോദ് നാരായണന്, കെ.യു ജനീഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്. ആദില, ജനപ്രതിനിധികള്‍, കുടുംബശ്രീ സംരംഭകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു.