കൊച്ചി> ക്ലാസ് എടുക്കുന്നതിനിടയിൽ വിദ്യാർഥികൾ തന്റെ കാഴ്‌ചപരിമിതിയെ ചൂഷണം ചെയ്‌തതിൽ വിഷമമുണ്ടെന്ന് അധ്യാപകൻ ഡോ. സി യു പ്രിയേഷ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവർ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.’സംഭവം നിർഭാഗ്യകരമാണ്. കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവർക്കേ മനസ്സിലാകുകയുള്ളൂ. ഒരു മണിക്കൂർ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂർ കമ്പ്യൂട്ടറിൽ വായിച്ച് കേട്ട് തയ്യാറെടുക്കണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമമുണ്ടാക്കി.
തത്കാലം അവരെ സസ്‌പൻഡ് ചെയ്‌തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്റെ നിലപാട് കോളേജിന്റെ ഉള്ളിൽ തന്നെ ഇത് പരിഹരിക്കണമെന്നാണ്. അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുൾപ്പെട്ട കുട്ടികളെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം’- പ്രിയേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. സി യു പ്രിയേഷ് കഴിഞ്ഞ ദിവസമാണ് അപമാനിക്കപ്പെട്ടത്. കാഴ്‌ച പരിമിതിയുള്ള ഇദ്ദേഹം ക്ലാസെടുക്കുന്നതിനിടെ കെഎസ്‌യു നേതാവ് അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിൽക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയിൽ പെരുമാറുകയുമായിരുന്നു. ചില വിദ്യാർഥികൾ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാർഥി ചിത്രീകരിച്ച് ദൃശ്യം ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിഷയം പുറത്തായത്. സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസൽ ഉൾപ്പെടെ അഞ്ച് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം 2016ൽ പ്രിയേഷ് നേടിയിരുന്നു. 13 വർഷമായി പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്.