ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുമായി തെളിവെടുപ്പ് നടത്തി. മൂഴക്കൂളം പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ്.
ആലുവയിൽ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ മൂഴിക്കുളം പാലത്തിൽ എത്തിച്ച് ആദ്യഘട്ട തെളിവെടുപ്പ് നടത്തി. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന് താഴേക്കിട്ടെന്നായിരുന്ന അമ്മയുടെ മൊഴി. എവിടെ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. ഇതിനിടെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തി.
മകളുടെ പീഡന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യം കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തി. കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താനും അവർ ശ്രമിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
എന്നാൽ പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആത്മവിശ്വാസക്കുറവും മക്കളുടെ കാര്യം നോക്കാൻ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും.
അതേസമയം നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.