ദില്ലി: ദില്ലിയിലെ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ മറുപടി നൽകി രാഹുൽ ഗാന്ധി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ദില്ലി പൊലീസെടുത്ത കേസിലാണ് രാഹുൽ, ഹൈക്കോടതിയിൽ മറുപടി നൽകിയത്.
കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ട്വീറ്റ് പിന്നാലെ തന്നെ പിൻവലിച്ചിരുന്നെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ് രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിംഗ് അറോറയും കോടതിയെ അറിയിച്ചു.