കൊച്ചി: ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ശനിയാഴ്ച മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇതേ വിലയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 8945 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. യു.എസ്-ചൈന വ്യാപാര യുദ്ധമാണ് സ്വർണ വില ഉയരാൻ കാരണമെന്ന് കരുതപ്പെടുന്നു. നേരത്തേ,ആമഗാള വിപണിയിലെ തകർച്ചക്കു പിന്നാലെ പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയുമായി കൊമ്പു കോർക്കൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സ്വർണ വില വിപണിയെ ഇനിയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.