കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ അന്നനാളത്തിൽനിന്ന് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്.
തിങ്കളാഴ്ച വൈകീട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എക്സ്റേ പരിശോധനയിൽ അന്നനാളത്തിൽ കത്രിക കണ്ടെത്തി. തുടർന്ന് രോഗിയെ ഇ.എൻ.ടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. ഫാത്തിമ, ഡോ. ആഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനു, ഡോ. ധന്യ, ഡോ. ഫഹ്മിദ, ഡോ. രാഗിൻ എന്നിവരാണ് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
