ദീര്‍ഘദൂരപാതകള്‍ കെഎസ്ആര്‍ടിസിക്ക് കുത്തക നല്‍കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകും. കോര്‍പ്പറേഷന്റെ പ്രധാന വരുമാനസ്രോതസ്സായ 95 ശതമാനം സൂപ്പര്‍ക്ലാസ് ബസുകളും ഈ 31 സംരക്ഷിത പാതകളിലാണ്.
പൊതുമേഖലയ്ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നത് സുപ്രീംകോടതിവരെ ശരിവെച്ചതാണ്. എന്നാല്‍, അതിനനുസരിച്ചുള്ള സ്‌കീം ഇറക്കാന്‍ 15 വര്‍ഷം കഴിഞ്ഞിട്ടും ഗതാഗതവകുപ്പിന് കഴിയുന്നില്ല. ആദ്യ സ്‌കീമിലെ അപാകത പരിഹരിച്ചപ്പോള്‍ പോലും പിഴവുണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് പരാതിക്കാരായ സ്വകാര്യ ബസുകാരെ കേട്ടശേഷം ഒരോരുത്തര്‍ക്കും മറുപടി നല്‍കിയില്ലെന്നതാണ് വീഴ്ചയായത്.
ഒരുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശഴും പാലിച്ചിരുന്നില്ല. സാങ്കേതികമായ ഇത്തരം വീഴ്ചകളാണ് സ്വകാര്യബസുകാര്‍ മുതലെടുക്കുന്നത്. നടപടിക്രമങ്ങളില്‍ ഗതാഗതവകുപ്പും കേസ് നടത്തിപ്പില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. മന്ത്രിമാര്‍ മാറുന്നത് അനുസരിച്ച് കോടതിയിലെ നിലപാട് മാറിയതും അഭിഭാഷകരെ മാറ്റിയതും തിരിച്ചടിയായെന്നാണ് വിമര്‍ശനം. കോര്‍പറേഷന്റെ വാദം ഫലപ്രദമായി കോടതിയില്‍ അവതരിപ്പിക്കാനും കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
സ്‌കീം റദ്ദായ സാഹചര്യത്തില്‍ ദേശസാത്കൃതപാതകളിലെ ഓര്‍ഡിനറി ബസുകള്‍, ലിമിറ്റഡ് സ്റ്റോപ്പാക്കി ഉയര്‍ത്താനും കൂടുതല്‍ദൂരം സര്‍വീസ് നടത്താനും സ്വകാര്യബസുകാര്‍ക്ക് കഴിയും. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തേ കെഎസ്ആര്‍ടിസി ഏറ്റെടുത്ത 241 റൂട്ടുകള്‍ തിരിച്ചെടുക്കാനുമാകും. ഇതോടെ, കെഎസ്ആര്‍ടിസിയുടെ വരുമാനം ഇടിയും. 31 പാതകളിലൂടെയുള്ള 1700 സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍നിന്നുള്ള വരുമാനമാണ് സ്ഥാപനത്തെ നിലനിര്‍ത്തുന്നത്.
ഭാവിയില്‍ കെഎസ്ആര്‍ടിസിക്ക് ദോഷകരമാകാനിടയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഉത്തരവിലുണ്ടെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ളതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആദ്യ സ്‌കീം ഇറക്കിയതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലുള്ളത്. പുതിയ സ്‌കീമിന്റെ മറവില്‍ സ്വകാര്യബസുകള്‍ക്ക് അനുകൂല വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തലുകളുണ്ട്.