കുറ്റ്യാടി: കുറ്റ്യാടി നിട്ടൂർ മൊട്ടന്തറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ബൈക്കുകളിലെത്തിയ പത്തിലധികം വരുന്ന സംഘം വാക്കത്തി ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഒരു യുവതിയുമായുള്ള അടുപ്പത്തെച്ചൊല്ലി അക്രമി സംഘവും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ അക്രമി സംഘത്തിലുണ്ടായിരുന്ന ശ്രീജിത്ത് എന്നയാളെ പിടികൂടി പൊലീസിന് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കുറ്റ്യാടി പൊലീസ് ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
