കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് വർഷത്തെ ശമ്പളം നൽകും, കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും: കെ ജി എബ്രഹാം

news image
Jun 15, 2024, 2:44 pm GMT+0000 payyolionline.in

കൊച്ചി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.  അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകും. ആശ്രിതര്‍ക്ക് എട്ട് ലക്ഷം രൂപ നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe